കേരളം
പാർട്ടി ഫണ്ട് നല്‍കിയില്ല, കട തല്ലി തകര്‍ത്തതായി പരാതി; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആരോപണം
പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി ഫണ്ട് കൊടുക്കാത്തതിന് സിപിഐ ബ്രാഞ്ച് സെക്രട്ടറി കട തല്ലി തകർത്തതായി പരാതി. മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് ഹോട്ടലുടമ പൊലീസിനെ സമീപിച്ചത്. മന്നംകരച്ചിറ ജംഗ്ഷനിൽ ചായക്കട നടത്തുകയാണ് മുരുകനും ഭാര്യ ഉഷയും. സിപിഐയുടെ സമ്മേളനകാലത്തെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോൻ കടയിലെത്തിയത്. ആവശ്യപ്പെട്ടത്രയും പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെയാണ് കടയ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് പരാതി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തും 500 രൂപ ബ്രാഞ്ച് സെക്രട്ടറി പിരിവ് ആവശ്യപ്പെട്ടിരുന്നു.
അന്ന് മുഴുവൻ തുക നൽകാനില്ലെന്ന് അറിയിച്ചതിലുള്ള മുൻവൈരാഗ്യവും കട തകർക്കാൻ കാരണമെന്നാണ് മുരുകനും ഉഷയും പറയുന്നത്. പണം കൊടുക്കാത്തതിനെ തുടർന്ന് ഹോട്ടലുടമ മുരുകനേയും ഭാര്യയേയും അസഭ്യം പറഞ്ഞാതായും പരാതിയുണ്ട്. കടയ്ക്കുള്ളിലെ പാത്രങ്ങളും ഗ്യാസ് സിലണ്ടറുമടക്കമനുള്ള സാധനങ്ങൾ പാർട്ടി പ്രവർത്തകർ വലിച്ചു പുറത്തിട്ടു.
പൊലീസ് സ്റ്റേഷനിലെത്തിയ കട ഉടമകളെ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതായും മുരുകൻ പറയുന്നു. എന്നാൽ കട ഉടമകൾ പാർട്ടി പ്രവർത്തകരെ ആണ് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. തിളച്ച എണ്ണ പാർട്ടി പ്രവർത്തകർക്ക് നേരെ ഒഴിച്ചെന്നും സിപിഐ പ്രവർത്തകർ പറയുന്നു. സമഗ്രമായി അന്വേഷണം നടത്തി ബ്രാഞ്ച് സെക്രട്ടറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാവുമെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.