കേരളം
മൂന്നുമാസത്തിനിടെ കേരളത്തില്‍ പെയ്തത് ശരാശരിയിലും 112 ശതമാനം അധികം മഴ
കാലവര്‍ഷം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ, മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ ലഭിച്ചത് ശരാശരിയിലും 112 ശതമാനം കൂടുതല്‍ മഴയെന്ന് കണക്ക്. ഇന്നലെ വരെ 252.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 535.9 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ എട്ടു ജില്ലകളില്‍ 100 ശതമാനത്തിലേറെ മഴയാണ് ലഭിച്ചത്. എറണാകുളം, പത്തനംതിട്ട, കോട്ടയം, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴയുടെ അളവ് 100 ശതമാനവും കടന്നത്. കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 257.1 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയില്‍ പെയ്തത് 844 മില്ലി മീറ്ററാണ്. 228 ശതമാനം അധികമഴയാണ് എറണാകുളത്ത് പെയ്തത്.
പത്തനംതിട്ടയില്‍ 386.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 820.1 മില്ലീമീറ്റര്‍. 112 ശതമാനം അധികം. കോട്ടയത്ത് 305.9 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് പെയ്തത് 817.9 മില്ലീമീറ്ററാണ്. 167 ശതമാനം അധികമഴയാണ് ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണ 50 ശതമാനത്തിലേറെ മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.