കേരളം
പാത ഇരട്ടിപ്പിക്കല്‍: പരശുറാം എക്സ്പ്രസും, ജനശതാബ്ദിയും ഇന്നുമുതല്‍ റദ്ദാക്കി
കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മലബാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തില്‍. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾ മുതൽ 29 വരെയുമാണ് റദ്ദാക്കിയത്.
കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ പ്രധാനപ്പെട്ടതാണ്. മലബാറിലെ യാത്രക്കാരെയാണ് ട്രെയിന്‍ റദ്ദാക്കല്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ പരശുറാം എക്സ്പ്രസും കണ്ണൂർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച് വർധിപ്പിച്ചും യാത്രാക്ലേശം കുറക്കാം. പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. സമാന സജ്ജീകരണങ്ങളായില്ലെങ്കിൽ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം വരും ദിവസങ്ങളിൽ വര്‍ധിക്കുമെന്ന് ഉറപ്പാണ്.