കേരളം
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 24 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. 12 സീറ്റുകള്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയം നേടി. മുമ്പത്തെ 20 സീറ്റ് നേട്ടം എല്‍ഡിഎഫ് 24 ആക്കി ഉയര്‍ത്തി. 9 വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. യുഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
എല്‍ഡിഎഫിന്റെ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫും രണ്ടെണ്ണം ബിജെപിയും നേടി. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ 16 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 4 വാര്‍ഡുകള്‍ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. കണ്ണൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനായ എറണാകുളം സൗത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു.
എറണാകുളം സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്‍ ആണ് വിജയിച്ചത്. യുഡിഎഫിന്റെ അനിത വാര്യരെ 75 വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപി സീറ്റ് നിലനിര്‍ത്തിയത്. സിപിഐയുടെ സ്ഥാനാര്‍ത്ഥി അശ്വതിക്ക് 328 വോട്ടാണ് ലഭിച്ചത്. ബിജെപി അംഗം മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
നെടുമ്പാശേരി 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ കെ ഹുസൈന്‍ 25 വോട്ടിന് വിജയിച്ചു.
ജില്ലയിൽ 5 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ, കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. കക്കാട് വാർഡിൽ മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർഡുകൾ സിപിഎമ്മും നിലനിർത്തി.