കേരളം
ഊട്ടിയിലേക്കും ചെന്നൈയിലേക്കും ഇനി സ്വിഫ്റ്റ് ബസിൽ പോകാം; സർവീസുകൾ ഇന്നുമുതൽ
ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകൾ ഓടുക. സർവീസ് ഇന്നു മുതൽ ആരംഭിക്കും.
തിരുവനന്തപുരത്തു നിന്ന് രണ്ട് നോൺ എസി ബസുകളാണ് ഊട്ടി പാതയിലുള്ളത്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 6.30 ന് പുറപ്പെടുന്ന ബസ് എംസി റോഡിലൂടെ തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30 ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏഴിന് തിരിച്ച് പിറ്റേന്ന് പുലർച്ചെ 6.05 ന് തിരുവനന്തപുരത്തെത്തും. 691 രൂപയാണ് ടിക്കറ്റ് നിരക്ക്.
അടുത്ത ബസ് തിരുവനന്തപുരത്തു നിന്ന് രാത്രി എട്ടിന് തിരിച്ച് ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20 ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന് പുറപ്പെട്ട് ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്തെത്തും. 711 രൂപയാണ് ടിക്കറ്റ് നിരക്ക്.
എണാകുളം-ചെന്നൈ എസി സീറ്റർ രാത്രി 7.40 ന് തിരിച്ച് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40 ന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നും രാത്രി എട്ടിനു പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടിന് എറണാകുളത്തെത്തും. 1351 രൂപയാണ് ടിക്കറ്റ് നിരക്ക്. www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.