കേരളം
ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയില്‍ സർക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം തള്ളി കോടതി
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസിൽ ഇടതുസർക്കാരിന് തിരിച്ചടി. രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് തള്ളിയത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി ബി ഗോപകുമാർ പറഞ്ഞു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹർജി ഇന്ന് സമർപ്പിച്ചു.
അബ്കാരികളെ സഹായിക്കാൻ കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹർജി.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്.
അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടർന്ന് സർക്കാർ അനുമതി പിൻവലിച്ചു. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് രമേശ് ചെന്നിത്തല കോടതിയിൽ ഹർജി നൽകിയത്. കേസ് ഈ മാസം 21 ന് പരിഗണിക്കും.ഇതിനിടയിൽ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനു ഇന്നു കോടതിയിൽ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും സ്ഥലത്ത് ഉണ്ടായിട്ട് പോലും അദ്ദേഹം കോടതിയിൽ ഹാജരായില്ല.