കേരളം
ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും ശക്തമായ മഴ തുടരും. കൂടാതെ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പെയ്യുക.
മലയോര ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.