കേരളം
ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷന്‍; ഇല്ലെങ്കില്‍ നടപടിയെന്ന് മുന്നറിയിപ്പ്
മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷന്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ പരാതിക്കാര്‍ക്ക് കൈമാറുകയോ വേണം. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ വനിതാ കമീഷന്‍ ഇടപെടുമെന്നും കാണിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പരാതിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ മാര്‍ച്ച് 22ന് ദേശീയ വനിത കമീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരു മാസത്തിലേറെയായിട്ടും നടപടിയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യു.സി.സി പറഞ്ഞിട്ടുണ്ടെന്ന മന്ത്രി പി. രാജീവിന്‍റെ വാദം തള്ളുന്ന കത്ത് പുറത്തുവന്നു.
കേസ് സ്റ്റഡിയും അതിജീവിതകളുടെ പേരും സൂചനകളും ഒഴിവാക്കിക്കൊണ്ടുള്ള കണ്ടെത്തലുകളും അറിയണമെന്നും സര്‍ക്കാര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടിന്റെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്. ജനുവരി 21 നാണ് ഡബ്ല്യു.സി.സി കത്ത് നല്‍കിയത്.
ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാംസ്കാരിക വകുപ്പിന് കൈമാറുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.