കേരളം
വൈദ്യുത പ്രതിസന്ധി നാളെയോടെ പരിഹരിക്കപ്പെടും; ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്ന് മന്ത്രി
വൈദ്യുത പ്രതിസന്ധി നാളത്തോടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്. പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്.
നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ശ്രമം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതിരപ്പിള്ളി ഒഴികെയുള്ള ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കും. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത് അധിക ചെലവാണ്. കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്‌നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.