കേരളം
ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല; സര്‍ക്കാരുകൾക്കെതിരെ ചീഫ് ജസ്റ്റിസ്
സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെ സമീപിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടേണ്ടി വരില്ല. സര്‍ക്കാരുകള്‍ വര്‍ഷങ്ങളോളം കോടതി ഉത്തരവുകള്‍ നടപ്പാക്കാതെയിരിക്കുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതികളുടെ ജോലിഭാരം വീണ്ടും വര്‍ധിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍ വി രമണ.
ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷകളില്‍ വാദത്തിന് അനുമതി നല്‍കണം. ഭാഷാ പ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണ് പ്രധാനം. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണം. തസ്തികകള്‍ വര്‍ധിപ്പിക്കണം. അടിത്തറ ശക്തമല്ലെങ്കില്‍ നീതിന്യായ സംവിധാനം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.