കേരളം
ജനകീയ സംവാദം: മുഖ്യമന്ത്രിക്കും കെ റെയില്‍ എംഡിക്കും ക്ഷണം
സിൽവർലൈനിൽ ഇന്നലെ കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എംഡിയെ നേരിട്ട് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും നേരിട്ട് കെ റെയിൽ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്‍റെ ഘടന, പാനൽ എന്നിവ നൽകണമെന്ന് എംഡി ആവശ്യപ്പെട്ടു. ഇതിനുശേഷം പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
മുഖ്യമന്ത്രിയെയും മുൻമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക് പങ്കെടുക്കാന്‍ ആവില്ലെന്ന് അറിയിച്ചു. മേയ് നാലിനാണ് സംവാദം നടക്കുക. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംവാദത്തിലുണ്ടാകില്ല.
അതത് മേഖലയിലെ വിദഗ്ദർ മാത്രമാണുണ്ടാവുക. ഇന്നലത്തെ സംവാദത്തിൽ നിന്ന് പിന്മാറിയ അലോക് വർമ്മ, ഇന്നലെ പങ്കെടുത്ത രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.