കേരളം
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.