കേരളം
ഗുരുവായൂര്‍ അഷ്ടപദി സംഗീതോത്സവം: മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
ഗുരുവായൂര്‍ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രില്‍ 30 ശനിയാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേനട പ്രത്യേക വേദിയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അധ്യക്ഷനാകും എന്‍കെ അക്ബര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളാകും.
അഷ്ടപദിയില്‍ സമഗ്ര സംഭാവന നല്‍കിയ കലാകാരന് ദേവസ്വം ഏര്‍പ്പെടുത്തിയ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം പ്രശസ്ത അഷ്ടപദി സംഗീതകാരന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക് മന്ത്രി ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ അധികരിച്ചുള്ള ദേശീയ സെമിനാര്‍ ഏപ്രില്‍ 30ന് വൈകിട്ട് 4ന് നടക്കും. ഡോ. മുരളീ മാധവന്‍, ഡോ. എന്‍പി.ജയകൃഷ്ണന്‍, അമ്പലപ്പുഴ വിജയകുമാര്‍, ഡോ.നീനാ പ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.വി അച്യുതന്‍ കുട്ടി മോഡറേറ്ററാകും.
മെയ് ഒന്ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പിസി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കുന്നതോടെ അഷ്ടപദി സംഗീതോല്‍സവം ആരംഭിക്കും. 68 കലാകാരന്‍മാരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. 41 പുരുഷന്‍മാരും 27 വനിതകളും. വൈകിട്ട് 6 മുതല്‍ പ്രശസ്ത അഷ്ടപദി ഗായകര്‍ അവതരിപ്പിക്കുന്ന കച്ചേരിയോടെയാകും സംഗീതോത്സവം സമാപിക്കുക.