കേരളം
കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വോട്ട നിർത്തി; കോവിഡിൽ അനാഥരായ കുട്ടികൾക്ക് പ്രവേശനം നൽകും
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ എംപി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക സംവരണ സീറ്റുകൾ നിർത്തലാക്കി. എന്നാൽ കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പ്രവേശനം ലഭ്യമാക്കും. പ്രവേശന മാർഗരേഖയിലാണ് ഇതു വ്യക്തമാക്കിയത്. ഈ വർഷത്തെ അഡ്മിഷന് പരിഷ്കാരം ബാധകമായിരിക്കും. എംപി ക്വാട്ടയിലൂടെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഒരു എംപിക്ക് 10 കുട്ടികളെ വരെ ശുപാർശ ചെയ്യാമായിരുന്നു.
എംപിമാരുടെ മക്കൾ കൊച്ചുമക്കൾ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരുടേയോ വിരമിച്ചവരുടേയോ മക്കൾ, കൊച്ചുമക്കൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷർ എന്നിവർക്കുള്ള ക്വാട്ടയും നിർത്തലാക്കി. കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്സ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നൽകും.
കൂടാതെ സൈനിക മെഡലുകൾ ഏറ്റുവാങ്ങിയവരുടെ മക്കൾക്കുള്ള ക്വാട്ട തുടരും. ധീരതയ്ക്കുള്ള ദേശിയ പുരസ്കാരം നേടിയവർക്കും റിസർച്ച് ആൻഡ് അനാലിസിസ് വിങ് ജീവനക്കാരുടെ മക്കൾക്കും സർവീസിലിരിക്കുമ്പോൾ മരിക്കുന്ന കേന്ദ്രജീവനക്കാരുടെ മക്കൾക്കും ഫൈൻ ആർട്സ് മികവു പ്രകടിപ്പിച്ച കുട്ടികൾക്കും പ്രവേശനം ലഭിക്കും.
ജില്ലാ കലക്ടർ നൽകുന്ന ലിസ്റ്റ് അനുസരിച്ച് ഒരു കേന്ദ്രീയ വിദ്യാലയത്തിൽ 10 പേർക്കു വീതം പ്രവേശനം നൽകും. മുൻപ് രണ്ടു തവണയാണ് എംപി ക്വാട്ട പിൻവലിച്ചിട്ടുണ്ട്. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ക്വോട്ട നേരത്തെ ഒഴിവാക്കി.