കേരളം
സിന്ധുവിന്റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം
![](https://citizenkerala.com/wp-content/uploads/2022/04/pjimage-73-_710x400xt.webp)
വയനാട് മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ജൂനിയർ സൂപ്രണ്ടിന് സ്ഥലം മാറ്റം. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടെക്ക് സ്ഥലം മാറ്റിയത്. സിന്ധുവിൻ്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും ഇവരുടെ പേരുണ്ടായിരുന്നു. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
സിന്ധുവിന്റെ ആത്മഹത്യയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ പി രാജീവാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ആരോപണ വിധേയയായ ആയതിന് പിന്നാലെ അജിതകുമാരിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒയെ നേരിൽ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.