കേരളം
കെ-റെയിൽ: കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ
കെ – റെയിൽ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഗൃഹസന്ദർശനം നടത്തുന്ന ഘട്ടത്തിൽ ഇത് സംബന്ധിച്ചുള്ള ലഘുലേഖ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കൈമാറി ഗൃഹനാഥൻമാരോട് സംസാരിക്കും.
കെ-റെയിലിൽ കുറ്റി സ്ഥാപിക്കുന്നതിന് പൊലീസിൻ്റെ സഹായം തേടുമെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയല്ല, ആരു വന്നു കുറ്റി നാട്ടിയാലും അത് ജനങ്ങൾ പിഴുതെറിയുമെന്നും സുധാകരൻ പറഞ്ഞു. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭ രംഗത്ത് ജനങ്ങളെ അണിനിരത്തും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയാണ് കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സാമൂഹിക ആഘാത പഠനവും സാമ്പത്തിക ആഘാത പഠനവും സംബന്ധിച്ച റിപ്പോർട്ടുകൾ ആവശ്യമില്ലെന്ന് പറയുന്നവരുടെ ആത്മാർഥതയെക്കുറിച്ച് ജനങ്ങൾ വിലയിരുത്തണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
കെ-റെയിൽ വേണ്ട കേരളം മതിയെന്ന കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനത ഈ മുദ്രാവാക്യം നെഞ്ചിലേറ്റിയെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ ഭേദമന്യേയാണ് ഈ സമരത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങിയത്. സിപിഎം കുടുംബത്തിലെ സ്ത്രീകൾക്ക് പോലും പലയിടങ്ങളിലും സമരമുഖത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായെന്നും സുധാകരൻ വ്യക്തമാക്കി.കെ-റെയിൽ കുറ്റി നാട്ടിയ സംസ്ഥാനത്തെ കേന്ദ്രങ്ങളിലൂടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.