കേരളം
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെത്തുന്നത്. പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രാധിപരാവും. തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും. ഇതുസംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളക്ക്.
ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്.
അതേസമയം സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ എൽഡിഎഫ് കണ്‍വീനറാകും. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.