കേരളം
സ്വിഫ്റ്റ് ബസ് അപകടങ്ങള്‍: ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്മെന്റിനെന്ന് സിഐടിയു
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ തുടര്‍ച്ചയായ അപകടങ്ങളില്‍ ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയമിച്ചത്. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടും എടുത്തില്ല. അപകടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കെഎസ്ആര്‍ടിഇഎ ( സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ് ഹരികൃഷ്ണന് ആവശ്യപ്പെട്ടു.
അപകടങ്ങള്‍ ബോധപൂര്‍വം നടത്തുന്നതാണോയെന്ന് അന്വേഷിക്കണം. കെഎസ്ആര്‍ടിസി മാനേജ്മെന്റും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച്, കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ആധുനികവത്കരിച്ച ബസ് ഓടിക്കുന്നതിന് നല്ല അനുഭവ സമ്പത്തുള്ള കെഎസ്ആര്‍ടിസി ജീവനക്കാരെ എന്തുകൊണ്ട് ഡെപ്യൂട്ടേഷനില്‍ നിയമിച്ചില്ല എന്ന് ഹരികൃഷ്ണന് ചോദിച്ചു.
പരിചയക്കുറവുള്ള ജീവനക്കാരെ നിയോഗിച്ചത് തിരിച്ചടിയായി. കെഎസ്ആര്‍സിയില്‍ പ്രതിസന്ധി മാനേജ്മെന്റ് മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്. സര്‍വീസുകള്‍ ഇനിയും കൂട്ടണം. കെഎസ്ആര്‍ടിസിയെ ബാധിക്കുന്ന വൈറസായി മാനേജ്മെന്റ് മാറിക്കൂടാ.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് മാനേജ്മെന്റും ഉത്തരവാദിയാണ്. ശമ്പളം മുടങ്ങിയതിന് മാനേജിങ് ഡയറക്ടറെ മാറ്റേണ്ടതില്ല. എംഡിയല്ല നയമാണ് മാറേണ്ടത്. ശമ്പളം ഇനിയും കിട്ടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും കെഎസ്ആര്‍ടിഇഎ നേതാവ് ഹരികൃഷ്ണന് പറഞ്ഞു.