കേരളം
സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റ് ആഞ്ഞടിച്ചേക്കും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റും മഴയും തുടരും. തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വരെ ജാഗ്രത തുടരാനാണ് നിര്‍ദേശം. ഇന്ന് കേരളത്തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപ് തീരങ്ങളിലും കടലില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.