കേരളം
മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലയിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിൻവലിച്ചാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.
ആദ്യ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കായിരുന്നു മുന്നറിയിപ്പ്. പുതിയ അറിയിപ്പിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയായിരുന്നു. മത്സ്യ തൊഴിലാളികൾ ഇന്ന് കേരള തീരത്ത് മത്സ്യ ബന്ധനത്തിലേർപ്പെടരുതെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മഞ്ഞ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് നിന്നകന്ന് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്തു നിന്നു ആരും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.