കേരളം
കെ വി തോമസ് പങ്കെടുക്കുന്നത് കോൺഗ്രസ് നേതാവായി; നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെവടിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ ക്ഷണിച്ചതും കോൺഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ചിലർ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹം പങ്കെടുക്കില്ലെന്ന് ചിലർ പറഞ്ഞു. വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തില്‍ സെമിനാറിൽ പങ്കെടുക്കാനാണ് കെ വി തോമസ് എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറില്‍ സംസാരിക്കും. പാർട്ടി വിലക്ക് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയത്.
ഹിന്ദിയിൽ ആശയ വിനിമയം വേണമെന്ന അമിത് ഷായുടെ പ്രസ്താവനൽ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. “വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ അടിസ്ഥാനം തന്നെ ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുക എന്നതാണ്. ഭരണഘടനയിൽ വ്യത്യസ്ത ഭാഷകൾക്ക് പ്രാധാന്യവും നൽകിയിട്ടുണ്ട്. നീണ്ട കാലത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം തന്നെ രൂപം കൊണ്ടത്. എന്നാൽ, ഇവിടെ കാണേണ്ട ഒരു പ്രത്യേകത വൈവിധ്യങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും അംഗീകരിക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. അതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളെ ദുർബലപ്പെടുത്താനുള്ള സംഘപരിവാർ നീക്കം.
ഓരോ ജനതയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനം ഭാഷയാണ്. ഭാഷയെ തകർക്കാമെന്നും ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കാമെന്നും അതുവഴി രാജ്യത്തെ ഏകശിതാ രൂപത്തിലേക്ക് മാറ്റിയെടുക്കാമെന്നുമാണ് സംഘപരിവാർ കരുതുന്നത്. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണ്. ഈ രീതിയിൽ തീരുമാനിക്കാൻ പുറപ്പെട്ടാൽ ആപൽക്കരമായ അവസ്ഥയാണ് രാജ്യത്ത് അത് സൃഷ്ടിക്കുക.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെട്ട ഭാഷയാണ് ഹിന്ദി. ആ നിലയിൽ, ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് ദ്വിഭാഷാ പദ്ധതി സ്കൂളുകളിൽ നമ്മുടെ സംസ്ഥാനം അംഗീകരിച്ചത്. പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അത് അംഗീകരിക്കാനാവില്ല. അത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരാൻ ഇടയാക്കും. എന്നും മുഖ്യമന്ത്രി പറഞ്ഞു.