Uncategorized
കേരള എഞ്ചിനിയറിങ് മെഡിക്കൽ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം
കേരളത്തിലെ ബിടെക്, ബിആർക്, ബിഫാം, എംബിബിഎസ് എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കും ഇന്ന് മുതൽ അപേക്ഷിക്കാം. ബിടെക്, ബിഫാം കോഴ്സുകളിലേക്കുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ 26നാണ്. മെഡിക്കൽ അഗ്രികൾചറൽ പ്രോഗ്രാമുകളിലെ പ്രവേശനം ദേശീയതലത്തിലെ നീറ്റ് വഴിയും ആർക്കിടെക്ചർ പ്രവേശനം നാറ്റാ അഭിരുചി പരീക്ഷയിലെ സ്കോർ കൂടി കണക്കിലെടുത്തുമാണ്. ഇവരും ഇപ്പോൾ അപേക്ഷ നൽകണം.
പ്രവേശനത്തിന് ഇന്ന് മുതൽ 30നു വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അർഹത തെളിയിക്കുന്ന രേഖകൾ മെയ് 10നകം സമർപ്പിക്കണം.
സർട്ടിഫിക്കറ്റുകൾ
അപേക്ഷിക്കുന്നവരിൽ ന്യൂനപക്ഷ (മൈനോറിറ്റി) വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ്. എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ/തഹസിൽദാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവിൽ പറയുന്നു. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി/ നോൺക്രീമിലെയർ/മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. സംവരണം ലഭിക്കാനായി വില്ലേജ് ഓഫിസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ മൈനോറിറ്റിയാണെന്ന് തെളിയിക്കാൻ പ്രത്യേകം കമ്യൂണിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.
വിദ്യാർഥിയുടെയോ രക്ഷിതാവിന്റേയോ പേരിൽ മാറ്റമുണ്ടെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി. ബന്ധുത്വ സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡ്, ആധാർ, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് ഇവയിൽ രേഖപ്പെടുത്തിയ ബന്ധുത്വം സ്വീകരിക്കും. മിശ്രവിവാഹ സർട്ടിഫിക്കറ്റ്ന് പകരം ദമ്പതികളിരുവരുടെയും എസ്എസ്എൽസി ബുക്കുകളിലെ ജാതികൾ, സബ് റജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹസർട്ടിഫിക്കറ്റ് എന്നിവയും ദമ്പതികളുടെ സത്യവാങ്മൂലവും മതി.
ഫീസ്
എഞ്ചിനിയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700രൂപ. ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900രൂപ. പട്ടികജാതി വിദ്യാർഥികൾക്ക് യഥാക്രമം 300,200,400 രൂപ. പട്ടികവർഹക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000രൂപ ഓൺലൈനായി അടയ്ക്കാം.