കേരളം
തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ; അരുവിക്കര ഡാമിലെ ഒരു ഷട്ടർ ഉയർത്തും
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.
ബംഗാൾ ഉൾക്കടലിൽ കൊമാരിൻ ഭാഗത്ത് നിന്നുള്ള ഈർപ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കൻ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിർത്താതെ പെയ്തു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി. അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. തിരുവനന്തപുരം കൊട്ടിയത്തറയിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു.
നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. മന്ത്രി ജി.ആർ.അനിലിന്റെ ഓദ്യോഗിക വീടിന്റെ വളപ്പിൽ മരം ഒടിഞ്ഞ് വീണു.കൊല്ലം ചടയമംഗലം കൂരിയോട്ട് വീടിന്റെ മുകളിലേക്ക് റബർ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. കൊട്ടാരക്കര ഈയം കുന്നിൽ വീട് തകർന്നു, കരവാളൂർ പഞ്ചായത്തിൽ നാല് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുണ്ടായി. ചാത്തന്നൂർ പാരിപ്പള്ളി ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു
ഇന്ന് രാത്രിയോടെ എറണാകുളം, തൃശ്ശൂർ, ഇടുക്കി ലോവർ റേഞ്ചിലും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ മഴ ശുഷ്കമായിരിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളും ഉച്ചയ്ക്ക് ശേഷം സമാനമായി മഴ കിട്ടും. നാളെയോടെ ആന്തമാൻ കടലില് ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 60 കി .മീ വരെ വേഗതയിൽ കാറ്റിനും, ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്. കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.