കേരളം
മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്, നാളെ പ്രധാനമന്ത്രിയെ കാണും
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ, അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം.
പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പിണറായി വിജയന് ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്മെന്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിലുള്ള പോര് മുറുകുകയാണ്. വീട് സംരക്ഷിക്കാന്‍ മന്ത്രി അലൈന്മെന്റില് മാറ്റം വരുത്തി എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാന് മറുപടി നല്കി.
സില്‍വര്‍ലൈന്റെ അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്മെന്റില് ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേരത്തെ ഒരു അലൈന്മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും സജി ചെറിയാന് ചോദിച്ചു.