കേരളം
മാസ്ക് ഇല്ലെങ്കിൽ ഇനി കേസില്ല; കേന്ദ്രസർക്കാർ
പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.
അതേസമയം, മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവക്കുള്ള കേസുകൾ ഒഴിവാക്കണം. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം. മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സർക്കാർ തീരുമാനം. കോവിഡ് മഹാമാരിയെ നേരിടാൻ 2020 മാർച്ച് 24നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാർക്ക് മാസ്‌ക് നിർബന്ധമാക്കിയിരുന്നത്.