കേരളം
കോഴിക്കോട് ഇന്ന് കെ റെയിൽ കല്ലിടില്ല; കോട്ടയത്ത് വൻ പ്രതിഷേധം
കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്നും സംസ്ഥാനത്ത് പ്രതിഷേധമുണ്ട്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.
സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. ഡിവൈഎസ്‌പി എജെ തോമസിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം സ്ഥലത്തെത്തിയത്. കെ റെയിൽ ഉദ്യോഗസ്ഥർ ഇവിടെ കല്ലിടൽ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.