കേരളം
കെ റെയില്‍ വിരുദ്ധ സമരവേദിയില്‍ കുട്ടിയെ കൊണ്ടുവന്നു; ജിജി ഫിലിപ്പിനെതിരെ കേസ്
കോട്ടയം മാടപ്പള്ളിയില്‍ കെ റെയിലനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. രാത്രിയിൽ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്.
പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്‍റിന് എതിരെയും കേസെടുക്കും. എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേ ജിജി പറഞ്ഞിരുന്നു. അത്തരം ആരോപണങ്ങൾ തെറ്റാണ്. കുഞ്ഞിനെ മനപ്പൂർവ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല.
പൊലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു. കെ റെയില്‍ കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും.
നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.കെ റെയിൽ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഇന്നലെ പ്രതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ശക്തമായ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ, നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.