കേരളം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു .
നേമം ഗവ: യു.പി. സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാര്‍ക്കുകള്‍ ആരംഭിക്കുന്നത്.
സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാര്‍ക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതല്‍ 30 വരെ സെന്റ് സ്ഥലത്താണ് ഗണിത നിര്‍മിതികളാല്‍ തയാറാക്കുന്ന പാര്‍ക്ക് നിര്‍മ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിന്റേതായ കണ്ടെത്തലുകൾ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാര്‍ക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
നേമം യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗണിത പാര്‍ക്കിന്റെ ഭാഗമായുള്ള ഗണിതകളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ വിരസമല്ലാതെ ഗണിതാശയങ്ങള്‍ സ്വായക്തമാക്കുവാന്‍ കുട്ടികള്‍ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്. സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളില്‍ നിര്‍മ്മിക്കുന്ന ഒന്നേകാല്‍ കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.
കോവളം എം.എല്‍.എ. അഡ്വ. എം. വിന്‍സന്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക് നല്കി മന്ത്രി പ്രകാശനം നിര്‍വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ. എസ്. മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പി.ടി.എ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.