കേരളം
മീഡിയ വണ്‍ വിലക്ക്: അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാനേജ്മെന്റ് നല്കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദവെയാണ് മീഡിയ വണിനു വേണ്ടി ഹാജരാവുന്നത്. ഇന്നു കോടതി ചേര്‍ന്നപ്പോള്‍ അപ്പീല്‍നല്‍കിയ വിവരം ദവെ മെന്‍ഷന്‍ ചെയ്തു. തുടര്‍ന്നു വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. വെള്ളിയാഴ്ച തനിക്ക് അസൗകര്യമുണ്ടെന്ന് ദവെ അറിയിച്ചപ്പോള്‍ കേസ് വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
മീഡിയ വണ്‍ ചാനല്‍ പതിനൊന്നു വര്‍ഷം പ്രവര്‍ത്തിച്ചെന്നും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ടെന്നും ദവെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. 350 ജീവനക്കാര്‍ ചാനലിലുണ്ട്. ഒരു മാസമായി ഇവര്‍ ജോലിയില്ലാത്ത സ്ഥിതിയില്‍ ആണെന്നും ദവെ പറഞ്ഞു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി ഡിവിഷന് ബെഞ്ച് സംപ്രേഷണ വിലക്കു ശരിവച്ചത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
ദേശസുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വണ്‍ ചാനലിനു വേണ്ടി ഹാജരായ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ വാദിച്ചു. എന്നാല്‍, വിലക്കിലേക്കു നയിച്ച കാരണങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറാം എന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി അറിയിക്കുകയായിരുന്നു.