കേരളം
ഹരിദാസനെ വധിക്കാൻ നേരത്തെ പദ്ധതിയിട്ടു; ഒരാഴ്ച മുമ്പ് കൃത്യമായ ആസൂത്രണം നടത്തിയെന്നും കുറ്റസമ്മത മൊഴി
തലശ്ശേരിയിലെ സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്, ഫോണിൽ വിളിച്ച പൊലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്.
കണ്ണവം സ്റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാർഡ് കൌൺസിലറുമായ ലിജേഷിനെ ഫോണിൽ വിളിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി. ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്. ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.
കേസിൽ ഇന്നലൊണ് പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില് പൊലീസിന്റെ നേതൃത്വത്തിൽ ഉന്നത യോഗം ചേർന്നു. ഉത്തര മേഖല ഐജി അശോക് യാദവ് കണ്ണൂർ ഡി ഐ ജി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.