കേരളം
കെ.പി.എ.സി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി
പ്രശസ്ത നടി കെ.പി.എ.സി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി.വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തുതന്നെയാണ് അന്ത്യവിശ്രമം.മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.അന്‍പതു വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് തിരശീലവീണത്. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ സുപരിചിതയായ നടികൂടിയാണവര്‍. പല തലമുറയില്‍പെട്ടവര്‍ക്കൊപ്പം അഭിനയിച്ചു. കേരളാ സംഗീതകലാ അക്കാദമിയുടെ പ്രഥമ വനിതാ ചെയര്‍പേഴ്‌സണായിരുന്നു.
കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്.സിനമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി രാത്രി ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി.വടക്കാഞ്ചേരിയില്‍ രണ്ടു സ്ഥലത്താണ് പൊതു ദര്‍ശനം നടന്നത്. മുന്‍സിപ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്.പിതാവ് – കടയ്ക്കത്തറല്‍ വീട്ടില്‍ കെ.അനന്തന്‍ നായര്‍, മാതാവ് – ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ – കൃഷ്ണകുമാര്‍, സഹോദരി – ശ്യാമള. ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ.പി.എ.സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബമായിരുന്നു.