കേരളം
ഷിഗല്ല: രോഗം പടരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് മലപ്പുറം ഡിഎംഒ
ഷിഗല്ല വൈറസ് ബാധയെക്കുറിച്ച് മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാർക്കും ഇപ്പോൾ രോഗമില്ലെന്ന് ഡിഎംഒ ഡോ ആർ രേണുക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വയറിളക്ക രോഗത്തെ തുടര്‍ന്ന് കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇതേത്തുടർന്ന് മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.
ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.
രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.