കേരളം
സ്വപ്നയുടെ നിയമനത്തിന് പിന്നാലെ എച്ച്ആർഡിഎസിനെതിരെ കേസ്
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആർഡിഎസിനെതിരെ കേസ്. സംസ്ഥാന പട്ടികജാതി- പട്ടികവർഗ കമ്മീഷനാണ് കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ്.
ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ്സിന്റെ രാഷ്ട്രീയം വലിയ ചർച്ചയായിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ നിയന്ത്രിക്കുന്ന സ്ഥാപനമാണിതെന്ന വാദമുയരുമ്പോൾ എച്ച്ആർഡിഎസ് ഇത് നിഷേധിക്കുകയാണ്. എന്നാൽ മുൻ ആർഎസ്എസ് നേതാവ് കെ ജി വേണുഗോപാൽ, ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജു കൃഷ്ണൻ, ബിജെപി നേതാവ് എസ് കൃഷ്ണകുമാർ എന്നിവരാണ് എച്ച്ആർഡിഎസ്സിന്റെ തലപ്പത്തുള്ളവരും ഉണ്ടായിരുന്നവരും. സെക്രട്ടറി അജി കൃഷ്ണൻ മുൻ എസ്എഫ്ഐ നേതാവാണ്.
ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ൽ രൂപീകൃതമായ സംഘടനയുടെ തലപ്പത്തുള്ളവരിൽ ഭൂരിപക്ഷവും സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ്.