കേരളം
ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടും
ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക.
1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്.
ഇത് തുടർച്ചയായ രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. മുൻവർഷങ്ങളിലേത് പോലെ ഇല്ലെങ്കിലും നിരത്തുകളിൽ വിറകും കൊതുമ്പും ചുടുകട്ടയും മൺകലങ്ങളും വഴിയരികിൽ വിൽപ്പനക്കെത്തിയിരുന്നു. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.
ഇക്കുറി ദേവീദാസന്മാരായ ബാലൻമാർക്കായി കുത്തിയോട്ടം ഉണ്ടാകില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് പണ്ടാര ഓട്ടം മാത്രമായി പരിമിതപെടുത്തി. ദേവി പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയും ഉണ്ടായിരിക്കില്ല.