ആരോഗ്യം
കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നുവോ? ലഭിക്കുന്നത് ശക്തമായ സൂചനകള്‍
രാജ്യത്തു കോവിഡ് തല്‍സ്ഥിയില്‍ നിന്ന് മാറി സമൂഹവ്യാപന ഘട്ടത്തിലേക്കു കടന്നുവെന്ന് സൂചനകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ സെറോസര്‍വേയില്‍ ഇതിന്റെ സൂചനകളുണ്ടെന്നാണു ലഭ്യമാകുന്ന വിവരം.
രാജ്യത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളില്‍ 15 – 30% പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സ്വയം രോഗമുക്തി കൈവരിച്ചിരിക്കാമെന്നുമാണു ഐസിഎംആറിന്റെ പ്രാഥമിക നിരീക്ഷണം. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ശേഖരിച്ച രക്തസാംപിളുകളില്‍ വ്യാപകമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നതിനാലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തുന്നത്.
അതേ സമയം, ഐസിഎംര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 75 ഹോട്ട്്‌സ്‌പോട്ട് ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ ഫലം അന്തിമമല്ലെന്നാണ് ഐസിഎംആര്‍ പറയുന്നത്. സ്രോതസ്സ് കണ്ടെത്താതെ ഒട്ടേറെപ്പേര്‍ക്കു രോഗം പിടിപെട്ടാല്‍ മാത്രമേ സമൂഹവ്യാപനം എന്നു വിളിക്കാന്‍ കഴിയുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം. റാന്‍ഡം സാംപിള്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയിട്ടും വ്യാപക പരിശോധന വേണമെന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കുന്ന എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും സമാന പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, ചിലയിടത്തു പ്രാദേശിക സമൂഹവ്യാപനം എന്നാണ് ഗുലേറിയ പറഞ്ഞത് എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ആയിരത്തില്‍പരം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് ഐസിഎംആര്‍ മുന്‍ മേധാവി എന്‍.കെ. ഗാംഗുലി പറഞ്ഞത്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ മറ്റിടങ്ങളിലേക്കാള്‍ 100 മടങ്ങുവരെ വ്യാപന സാധ്യതയുണ്ടെന്നും ഐസിഎംആര്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.