കേരളം
മീഡിയവൺ വിലക്കിനെതിരെ ഒറ്റയാൾ സമരം
മീഡിയ വൺ പ്രക്ഷേപണത്തിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തിലും ഉത്തരവ് ശരിവെച്ച കോടതി വിധിയലും പ്രതിഷേധിച്ച് തലസ്ഥാന നഗരിയിൽ ഒറ്റയാൾ പ്രതിഷേധം. പൗരത്വ പ്രക്ഷോഭത്തിലടക്കം നിരവധി ഒറ്റയാൾ സമരങ്ങളിലൂടെ ശ്രദ്ധേയനായ തിരുവനന്തപുരത്തെ ഒറ്റയാൾ സലീമാണ് സമരം നടത്തിയത്.
വാ മൂടിക്കെട്ടി കൈകൾ ബന്ധിച്ച് പ്രതീകാത്മകമായി മീഡിയവൺ മൈക്കുമേന്തി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തോടെ സമാപിച്ചു.
മീഡിയവൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ശരിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.
രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥ സമിതി വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു . ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന തീർപ്പിലാണ് കോടതി എത്തിയത്. അതിനാൽ കേന്ദ്ര നടപടിക്കെതിരായ ഹരജി തള്ളുകയാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാൻ ഉദ്ദേശിക്കുന്നതിനാൽ രണ്ട് ദിവസത്തെ പ്രവർത്തനാനുമതി കൂടി നൽകണമെന്ന ‘മീഡിയവൺ’ അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു. രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ.
വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയുള്ള മീഡിയവൺ നിരോധനത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്നത്.