കേരളം
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടി നൽകിയത്.സിൽവർ ലൈനിനെതിരെ കേന്ദ്രം ഒന്നും പറഞ്ഞിട്ടില്ല, മനഃപൂർവ്വം പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ബാലഗോപാൽ
തത്വത്തിൽ അംഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. പാർലമെന്റിൽ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വന്ദേഭാരതിൽ’ ബി ജെ പി നേതാക്കൾക്കുള്ള സംശയം കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.
നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. സംസ്ഥാനം നല്കിയ ഡിപിആർ പൂർണ്ണമല്ലെന്നും സാങ്കേതികമായി പ്രായോഗികമാണോ എന്ന വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും റെയിൽമന്ത്രി പാർലമെൻറിനെ അറിയിച്ചു. ‘സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്