കേരളം
എംജി സർവകലാശാല കോഴ: കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തിൽ വിജിലൻസ് അന്വേഷണം
എംജി സർവകലാശാലയിലെ കോഴക്കേസിൽ കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. കോഴയുടെ വിഹിതം മറ്റ് ജീവനക്കാർ കൈപ്പറ്റിയോ എന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. പ്രതി എൽസിയുടെ നിയമന രേഖകൾ പരിശോധിച്ച വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് സമിതിയും അന്വേഷണം തുടങ്ങി.
കൈക്കൂലി പണം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നാണ് അറസ്റ്റിലായ ജീവനക്കാരി സി.ജെ എൽസി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ പരാതിക്കാരിയുമായുള്ള ഫോൺ സംഭാഷണത്തിൽ മറ്റ് ജീവനക്കാർക്ക് വിഹിതം നൽകണമെന്ന് എൽസി സൂചിപ്പിക്കുന്നുണ്ട്. കൈക്കൂലിയായി ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് എൽസി വാങ്ങിയത്. പണം പോയ വഴി കണ്ടെത്തി കൂട്ടുപ്രതികളുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് ശ്രമം. എൽസിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു. ഇതിന്റെ ഒരു വിഹിതം പുതുപ്പള്ളിയിലെ ബാങ്കിലേക്കും സ്വകാര്യ ചിട്ടി സ്ഥാപനത്തിലേക്കും കൈമാറിയതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇത് സംബന്ധിച്ച് പരിശോധന തുടരും.
എൽസിയുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച മുഴുവൻ രേഖകളും വിജിലൻസ് സംഘം പരിശോധിക്കും. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ സർക്കാരിന് റിപ്പോർട്ട് നൽകും. മാർക്ക് ലിസ്റ്റിൽ തിരിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് സർവകലാശാല അന്വേഷണ സമിതിയുടെ ആദ്യ ശ്രമം. പരാതിക്കാരിയായ വിദ്യാർഥിനിയുടെ മാർക്ക്് ലിസ്റ്റ് ടാബുലേഷൻ റജിസ്റ്ററും ഒത്തുനോക്കുന്നതുവഴി ഇത് കണ്ടെത്താം. സെക്ഷനിലെ മറ്റ് രേഖകളും മാർക്ക് ലിസ്റ്റുകളും സമിതി വിശദമായി പരിശോധിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണറിപ്പോർട്ട് കൈമാറണമെന്നാണ് നിർദേശം.