കേരളം
ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്സ്റ്റിറ്റിയൂഷന് കെയറിനുമെതിരെ നടപടി
കുട്ടികള്‍ ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്സ്റ്റിറ്റിയൂഷന് കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്. റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് കുട്ടികളെ കാണാതായത്. കോഴിക്കോട് ജില്ലക്കാരായ ആറ് പേരും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേവായൂര്‍ പൊലീസിന് കിട്ടിയിരുന്നു.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മടവാളയിലെ സ്വകാര്യ ഹോട്ടലില്‍ റൂമെടുക്കാനായെത്തിയ പെണ്‍കുട്ടികളെ ഒരു വിഭാഗം മലയാളികള്‍ കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഒരാളെ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്.