കേരളം
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു.
പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. അര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ആനപ്പുറത്തുണ്ടായിരുന്ന രണ്ട് പാപ്പാൻമാരെ താഴെയിക്കി .
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതിരുന്നത് പൊലീസിന് നിയന്ത്രിക്കാൻ സൗകര്യമായി.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂരിൽ ദർശനത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം മൂവായിരം പേർക്ക് മാത്രമാകും ദർശനാനുമതി നൽകുക. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. വിവാഹസംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് പങ്കെടുക്കാം.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറൂൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം. മേൽപുത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു.