കേരളം
കോട്ടയം ഷാൻ കൊലപാതകം; നാലു പേര്‍ കൂടി പിടിയിൽ
കോട്ടയം ഷാന്‍ബാബു കൊലപാതകത്തില്‍ നാലുപേര്‍ കൂടി പിടിയിലായി. ഓട്ടോ ഡ്രൈവര്‍ ബിനു, ഗുണ്ടാ തലവന്‍ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായതായി പൊലീസ് അറിയിച്ചു. കോട്ടയം കീഴുക്കുന്ന് ഉറുമ്പേത്ത് ഷാന്‍ബാബു( 19) ആണ് കൊല്ലപ്പെട്ടത്. ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഓട്ടോയുടെ ഡ്രൈവറാണ് പാമ്പാടി എട്ടാംമൈല്‍ സ്വദേശി ബിനു.
ഞായറാഴ്ച രാത്രി 9.30 ന് ഷാനിനെ ഓട്ടോറിക്ഷയില്‍ കയര്‌റി മാങ്ങാനത്തിന് സമീപം ആനത്താനത്ത് എത്തിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസില്‍ അറസ്റ്റിലായ ജോമോന്‍ പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ന് കെ കെ റോഡില്‍ കളക്ടറേറ്റിന് അടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് ഷാനിന്‍രെ മൃതദേഹം ജോമോന്‍ കൊണ്ടിട്ടത്.
പൊലീസിന് തന്നെ ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ് ജോമോൻ യുവാവിനെ മർദ്ദിച്ചു കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഷാൻ എതിർ സംഘാംഗങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചതും സംശയം ബലപ്പെടുത്തി. ഷാൻ മുഖേന എതിർ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോൻ പദ്ധതിയിട്ടു. കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോമോന്റെ എതിർ സംഘത്തിന്റെ തലവനാണ് സൂര്യൻ എന്നറിയപ്പെടുന്ന കഞ്ഞിക്കുഴി സ്വദേശി ശരത് പി രാജ്. കൊടൈക്കനാൽ യാത്രയ്ക്കിടയിലെടുത്ത ചിത്രം മൂന്നു ദിവസം മുമ്പ് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇതിന് ലൈക്കടിച്ചതോടെയാണ് ഷാൻ ജോമോന്റെ നോട്ടപ്പുള്ളിയായത്. മണർകാട് സ്വദേശി ലുതീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് കേസിലെ പ്രതിയായ ജോമോൻ. കൊല്ലപ്പെട്ട ഷാൻബാബു ജോമോന്റെ ഉറ്റ സുഹൃത്തുമായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് ജോമോന്റെ സുഹൃത്തായ ലുതീഷിനെ തൃശൂരിൽ വച്ച് സൂര്യനും സംഘവും മർദിച്ചിരുന്നു. പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുതീഷും ജോമോനും പൊലീസിന്റെ പിടിയിലായി. ഇവരെ പൊലീസ് കാപ്പ ചുമത്തി നാടു കടത്തി. ഒറ്റാണ് പൊലീസ് പിടികൂടാൻ കാരണമെന്ന് വിശ്വസിച്ച ജോമോൻ ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവന്നത്.