കേരളം
സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു. ഇത് പ്രകാരം തിങ്കളാഴ്ച മുതൽ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക.
എന്നാൽ തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്. നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.
അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത കാട്ടാക്കട എംഎല്‍എ ഐബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ജില്ലാ സമ്മേളനം മാറ്റിവയ്‌ക്കേണ്ടെന്നാണ് തീരുമാനം. നാളത്തെ സംഘടന തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാല്‍ മാത്രമേ സമ്മേളനം അവസാനിക്കുള്ളു.