കേരളം
നടൻ ദിലീപിനെതിരെ പുതിയ കേസ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തി
നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധാനയകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തിൽ കേസ് അന്വേഷിക്കുക.
ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളിൽ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘എസ്.പി കെ.എസ് സുദർശൻറെ കൈ വെട്ടണം’ എന്നതടക്കമുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
അപായപ്പെടുത്താൻ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തുക തുടങ്ങിയ കാര്യങ്ങൾ എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്.