കേരളം
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; തിരുവനന്തപുരത്ത് 11പേര്‍ക്ക് രോഗം
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 4 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമൈക്രോണ്‍ ബാധിച്ചു.
തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.തിരുവനന്തപുരം-യുഎഇ 5, ഫ്രാന്‍സ് 2, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം-യുഎഇ 1, ഖത്തര്‍ 1, കോട്ടയം-യുഎഇ 3, ആലപ്പുഴ-യുഎഇ 1, തൃശൂര്‍ ഖത്തര്‍ 1, കോഴിക്കോട്-യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. തമിഴ്നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്.ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.
രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.