കേരളം
ട്രഷറി സ്തംഭിച്ചു മണിക്കൂറുകളോളം; ഇടപാടുകൾ ഇന്നും തടസപ്പെട്ടേക്കും
നെറ്റ്‌വർക്ക് തകരാറായതിനെ തുടർന്ന് ഇന്നലെ ട്രഷറി ഇടാപാടുകൾ പൂർണമായി തടസപ്പെട്ടു. സോഫ്റ്റ്‌വെയർ പ്രവർത്തനരഹിതമായതോടെ വിവിധ സർക്കാർ വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളം, പെൻഷൻ വിതരണവും സ്തംഭിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെ പ്രശ്നം പരിഹരിച്ചെങ്കിലും ഇന്നും ട്രഷറിയുടെ പ്രവർത്തനം ഭാഗികമായി തടസപ്പെടുമെന്നാണു സൂചന.
ഇഴച്ചിലും ഇടയ്‌ക്കിടെ തകരാറുകളും പതിവാണെങ്കിലും വൈകീട്ടു നാല് വരെ സോഫ്റ്റ്‌വെയർ നിശ്ചലമാകുന്നതു സമീപകാലത്ത് ആദ്യമാണ്. ട്രഷറി ശാഖകൾക്കു പുറമേ ഇടപാടുകൾക്കു ട്രഷറിയെ ആശ്രയിക്കുന്ന മോട്ടർ വാഹന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ് എന്നിവയ്ക്കു കീഴിലെ എല്ലാ ഓഫീസുകളുടെയും പ്രവർത്തനവും മുടങ്ങി. ഈ ഓഫീസുകളിൽ അവധിയുടെ പ്രതീതിയായി.
സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായ ട്രഷറി ശൃംഖല പണിമുടക്കുന്നത് ആറ് വർഷമായി തുടരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാറ്റാബേസാണ് ട്രഷറിയുടേത്. ഇതു താങ്ങാനുള്ള ശേഷി ട്രഷറിയിലെ സർവറുകൾക്കും സോഫ്റ്റ്‌വെയറിനും ഇല്ല.