കേരളം
ബാങ്ക് പണിമുടക്ക് ഇന്നും തുടരും; എടിഎം സേവനങ്ങളെയും ബാധിച്ചേക്കും
ബാങ്ക് പണിമുടക്ക് ഇന്നും തുടരും. ബാങ്കിങ്ങ് ഇടപാടുകൾ മുടങ്ങും. എടിഎം അടക്കമുള്ള ബാങ്കിങ്ങ് സേവനങ്ങളെയും പണിമുടക്ക് ബാധിക്കാനിടയുണ്ട്. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചത്.
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്ത് പണിമുടക്ക് പൂർണമാണ്. പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് നടത്തി.
എടിഎം അടക്കമുള്ള ബാങ്കിങ്ങ് സേവനങ്ങളെ രണ്ടുദിവസത്തെ പണിമുടക്ക് ബാധിച്ചേക്കാം. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയും പണിമുടക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിങ് യൂണിയനുകളുടെ സംയുക്ത മുന്നണിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎന്‍ബിഒസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.