കേരളം
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. ജനുവരി മുതൽ പുതിയ ശമ്പളം ജീവനക്കാർക്കു ലഭിക്കും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷമാണ് അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചത്. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വർധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്മെന്റും ഈ മാസത്തിനു മുൻപ് കരാറിൽ ഒപ്പിടണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കാൻ വരുമാനം വർദ്ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഡ്രൈവർമാർക്ക് അധിക ക്ഷാമബത്ത നടപ്പാക്കും. അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനം ഏർപ്പെടുത്തും. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. വനിതാ ജീവനക്കാർക്ക് ഒരു വർഷം വരെ പ്രസവ അവധിയും 5000 രൂപ ചൈൽഡ് കെയർ അലവൻസും നൽകും.
45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 50% ശമ്പളത്തോടൊപ്പം അഞ്ച് വർഷം വരെ അവധി നൽകും. ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരണം സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കും.മറ്റു സർക്കാർ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കുറവാണെന്നു മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കാൻ സംഘടനകൾക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.