ദേശീയം
കേരളത്തില്‍ വന്‍ സുരക്ഷാവീഴ്ച; റഷ്യയില്‍ നിന്നെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചു
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ആശങ്കയുടെ നിഴലില്‍ നില്‍ക്കെ, റഷ്യയില്‍ നിന്നും കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവരെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷം മാത്രമേ പുറത്ത് വിടാവൂ എന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ്, യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചതെന്ന് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല ഇവര്‍ക്ക് ഹോം ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടില്ല. നവംബര്‍ 28 ഞായറാഴ്ചയാണ് ഇവര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. 20 പേര്‍ കൊച്ചിയിലും ഒരാള്‍ തിരുവനന്തപുരത്തുമാണ് പരിശോധന കൂടാതെ പോയത്. വിവിധ എയര്‍ അറേബ്യ വിമാനങ്ങളിലായാണ് 30 അംഗ മലയാളി സംഘം കേരളത്തിലെത്തിയത്. 24 പേര്‍ കൊച്ചിയിലും, ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചു പേര്‍ തിരുവനന്തപുരത്തും, ഒരാള്‍ കോഴിക്കോട്ടുമാണ് വിമാനമിറങ്ങിയത്.
ഇതില്‍ കോഴിക്കോട് വിമാനമിറങ്ങിയ ആളെയും തിരുവനന്തപുരത്തെത്തിയ മൂന്നുപേരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കുകയും ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെത്തിയ 20 പേരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധിക്കുകയോ, ഹോം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
അതേസമയം റഷ്യയില്‍ നിന്നെത്തി പരിശോധനാ സ്ഥലത്ത് അവസാനമെത്തിയ നാലുപേരെ കൊച്ചിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇവര്‍ റഷ്യയില്‍ നിന്നെത്തിയതാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റുള്ള 20 പേരോടും പരിശോധനയുടെ കാര്യം പറഞ്ഞിരുന്നില്ല. റഷ്യയില്‍ നിന്നെത്തിയവരാണെന്ന് അറിഞ്ഞ് അധികൃതര്‍ അന്വേഷിച്ചപ്പോഴേക്കും ഇവര്‍ സ്ഥലംവിട്ടിരുന്നു.