കേരളം
മോന്‍സന്റെ ശേഖരത്തിലെ പുരാവസ്തുക്കള്‍ എല്ലാം വ്യാജമെന്ന് സംസ്ഥന പുരാവസ്തുവകുപ്പ്
മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെ പുരാവസ്തുക്കള്‍ വ്യാജമെന്ന് സംസ്ഥന പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് 35 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍, ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പുരാവസ്തു തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു.
ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍.
ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്.