കേരളം
ഹാർഡ് ഡിസ്കിനായുള്ള കായലിലെ തിരച്ചിൽ അവസാനിപ്പിച്ചു
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്കിന് വേണ്ടി കായലിലെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. കായലിൽ വലിച്ചെറിഞ്ഞ മൊഴിയെത്തുടർന്ന് മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു.
അപകടത്തിൽ ദൂരൂഹതയില്ലെന്നും കേസിന് ആവശ്യമായ ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിൻറെ കാരണം ഇനിയും വ്യക്തമല്ല. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാർഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തിൽ നിന്ന് കായലിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി.
ഇതിൻറെ അടിസ്ഥാനത്തിൽ ഫയർഫോഴ്സിൻറെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചിൽ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയിൽ ഹാർഡ് ഡിസ്ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞു കളഞ്ഞെന്നുമുള്ള വിവരത്തിൻറെ അടിസ്ഥാനത്തിലും തിരച്ചിൽ നടന്നു.
എന്നാൽ ഹാർഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. അതേസമയം കാറപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാട്ടി പൊലീസ് സൈജുവിന് നോട്ടീസ് നൽകിയിരുന്നു.
അപകടത്തിൽ പെട്ടവർ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചപ്പോൾ അവർക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും അവരെ പിന്തുടർന്നില്ലെന്നുമാണ് സൈജു കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്.